അബുദാബി: 2025 ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് ആര്‍ക്കെന്നു നിശ്ചയിക്കുന്ന, സീസണിലെ അവസാന പോരാട്ടമായ അബുദാബി എഫ് വണ്‍ ഇന്ന്. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് യാസ് മരിന സര്‍ക്യൂട്ടിലാണ് പോരാട്ടം.
നിലവിലെ ചാമ്പ്യനായ റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റപ്പനെ മറികടന്ന് കിരീടം സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ് മക്ലാരന്റെ ലന്‍ഡോ നോറിസ്. നോറിസിന്റെ സഹഡ്രൈവറായ ഓസ്കര് പിയാസ്ട്രിയും കിരീടത്തിനായി രംഗത്തുണ്ട്. നിലവില്‍ 408 പോയിന്റുമായി നോറിസാണ് ഒന്നാമത്. വെര്സ്റ്റപ്പന് (396) രണ്ടാമതും പിയാസ്ട്രി (392) മൂന്നാമതുമുണ്ട്.
അബുദാബിയിൽ ഇന്നലെ നടന്ന പോൾ പൊസിഷൻ പോരാട്ടത്തിൽ വെർസ്റ്റപ്പനാണ് ജേതാവായത്. ഇന്നു ഗ്രിഡ് ഒന്നിൽ വെർസ്റ്റപ്പൻ മത്സരം ആരംഭിക്കും.
സാധ്യതകള്‍
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലൊന്നില്‍ ഇന്നു ഫിനിഷ് ചെയ്താല്‍ വെര്‍സ്റ്റപ്പന്റെ പ്രകടനം കണക്കിലെടുക്കാതെ നോറിസിന് ചാമ്പ്യനാകാം. വെര്‍സ്റ്റപ്പനു ചാമ്പ്യനാകണമെങ്കില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുക മാത്രമല്ല, നോറിസ് നാലോ അതില്‍ താഴെയോ ആകുകയും വേണം. പിയാസ്ട്രിക്കു കിരീടത്തിലെത്തണമെങ്കില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യുന്നതിനൊപ്പം നോറിസ് ചുരുങ്ങിയത് ആറോ അതില്‍ താഴെയോ സ്ഥാനത്താകണം. അങ്ങനെയെങ്കില്‍ വെര്‍സ്റ്റപ്പന്റെ ഫിനിഷിംഗ് പിയാസ്ട്രിക്കു ബാധകമാകില്ല.